സാമൂഹിക തിന്മകൾക്കെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യം: കെ എൻ എം ജില്ലാ കൺവെൻഷൻ


തിരൂർ: സമൂഹത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന സാമൂഹിക തിന്മകൾക്കെതിരെ ജാഗ്രതയും ശക്തമായ ബോധവൽക്കരണവും അനിവാര്യമാണെന്ന് കെ.എൻ.എം ജില്ലാ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. മദ്യവും മയക്കുമരുന്നും യുവജനങ്ങളുടെ ബുദ്ധിയും വിവേകവും നശിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം  വിസ്മരിക്കരുത്. സമൂഹത്തിൽ നിലനിൽക്കുന്ന ധാർമിക സദാചാരമൂല്യങ്ങൾ ഇല്ലാതാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുകയാണ്.

കുടുംബത്തിനും നാടിനും തണലേകേണ്ട യുവജനതയെ ലഹരിയുടെ കെണിയിൽ വീഴ്ത്തി സമൂഹത്തിൽ അരാജകത്വം വ്യാപിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും കൂട്ടായി പരാജയപ്പെടുത്തണമെന്നും കെ എൻ എം കൺവെൻഷൻ ആവശ്യപ്പെട്ടു.

ജനസംഖ്യാനുപതികമായി ജില്ലകളുടെ വിഭജനം സംബന്ധിച്ച ചർച്ചകൾ സ്വാഗതാർഹമാണ്. മലപ്പുറം ജില്ല വിഭജനം ഏറെ കാലത്തെ ആവശ്യമാണ്. ഇക്കാര്യത്തിൽ സമവായത്തിലൂടെ പരിഹാരം കാണണമെന്നും കെ.എൻ.എം ആവശ്യപ്പെട്ടു. ജില്ലാ വിഭജന ചർച്ച നടക്കുമ്പോൾ തന്നെ വർഗ്ഗീയത കാണുന്നവർ നാടിന്റെ വികസനമല്ല ആഗ്രഹിക്കുന്നതെന്നും കെ എൻ എം അഭിപ്രായപ്പെട്ടു. വികസനം എല്ലാ വിഭാഗങ്ങളിലേക്കും എത്താൻ ഇക്കാര്യത്തിൽ സുമനസ്സുകളുടെ കൂട്ടായ്‌മ ഉണ്ടാവണമെന്നും കെ എൻ എം പറഞ്ഞു. 

അധാർമികതയ്ക്കെതിരെ നവോത്ഥാന മുന്നേറ്റം എന്ന സന്ദേശത്തിൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും കൺവെൻഷനുകൾ നടക്കും. സാമൂഹിക തിന്മകൾക്കെതിരെ മഹല്ല് തലങ്ങളിൽ ജന ജാഗ്രത സമിതികൾ രൂപീകരിക്കും. സംഘടന, സംഘാടനം അടിസ്ഥാന, തത്വങ്ങൾ, മുജാഹിദ് പ്രസ്ഥാനം ആദർശ വ്യതിരിക്തത, നന്മയിലും ധർമ്മത്തിലും പരസ്പരം സഹകരിക്കുക, എന്നീ വിഷയങ്ങളിൽ കൺവൻഷനിൽ ചർച്ച നടന്നു. കെ എൻ എം ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീൻ തെയ്യമ്പാ ട്ടിൽ അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എൻ ഷംസുദ്ദീൻ മുഖ്യാതിഥിയായിരുന്നു. 

വിദ്വേഷം വിതക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങൾ കരുതണമെന്നു മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. മത ന്യുന പക്ഷങ്ങളെ ഇല്ലാതാക്കാൻ അസൂത്രിതമായ ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നു. മത നിരപേക്ഷതക്ക് പേര് കേട്ട കേരളത്തിൽ വർഗീയത ഇളക്കി വിടാനുള്ള ശ്രമം കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു. വൈകാരിക പ്രതികരണം ബുദ്ധിപരമല്ല. എതിരാളികളുടെ ചൂണ്ടയിൽ കൊത്താൻ ഇടയാവരുത്. ആധുനിക സാങ്കേതിക വിദ്യയുടെ മാറ്റങ്ങൾ നന്മക്ക് ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഉണർത്തി. ഇസ്‌ലാമിന്റെ യഥാർത്ഥ ശബ്ദം പക്വതയോടെ സമൂഹത്തിൽ പ്രസരിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ.എ. ഐ അബ്ദുൽ മജീദ് സ്വലാഹി, കെ.ജെ.യു സെക്രട്ടറി ഹനീഫ് കായക്കൊടി, സി.മുഹമ്മദ് സലീം സുല്ലമി, എൻ.കുഞ്ഞിപ്പ മാസ്റ്റർ, പി.സി കുഞ്ഞഹമ്മദ് മാസ്റ്റർ, അഷ്റഫ് ചെട്ടിപ്പടി, നസ്‌റുദ്ധീൻ റഹ്‌മാനി, എ.ബരീർ അസ്‌ലം, പി.കുഞ്ഞിമുഹമ്മദ് അൻസാരി, സുഹ്ഫി ഇമ്രാൻ, ഡോ: ഷഫീഖ് ഹസ്സൻ അൻസാരി, വി. മുഹമ്മദുണ്ണി ഹാജി, ഉബൈദുല്ല താനാളൂർ, പി.പി.എം അഷ്റഫ്, പി.കെ നസിം, അബ്ദുറഹിമാൻ തെയ്യമ്പാട്ടിൽ, മുബശ്ശിർ കോട്ടക്കൽ, ഫൈസൽ ബാബു സലഫി, നജീബ് സ്വലാഹി, പി.അബ്ദുൽസലാം അൻസാരി, ഡോ.ടി.പി സഹീറലി, എം ജവഹർ മഹമൂദ്, പി മുഹമ്മദ് എഞ്ചിനീയർ, എൻ.കെ സിദ്ധീഖ് അൻസാരി പ്രസംഗിച്ചു.

(ഫോട്ടോ: ബാവ ബാപ്പു സ്റ്റുഡിയോ)


facebook

വളരെ പുതിയ വളരെ പഴയ