തിരൂർ: ഓണാഘോഷത്തിന്റെ ഭാഗമായി ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് തണലായി തിരൂർ ലയൺസ് ക്ലബ്ബ്. കേരള സാമൂഹ്യനീതി വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തിക്കുന്നതും എം ഇ എസ് വനിതാ വിഭാഗം നിയന്ത്രിക്കുന്നതുമായ ഷെൽട്ടർ ഹോമിലെ നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ലയൺസ് ക്ലബ്ബ് ഓണക്കോടികളും ഓണസദ്യയും വിതരണം ചെയ്തത്.
ഗാർഹിക പീഡനങ്ങളും മറ്റ് സാമൂഹിക പ്രയാസങ്ങളും കാരണം ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്ന കേന്ദ്രമാണിത്. സർക്കാരിൽ നിന്ന് ലഭിക്കുന്ന പരിമിതമായ സാമ്പത്തിക സഹായം കൊണ്ട് മാത്രം സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും, ലയൺസ് ക്ലബ്ബിനെ പോലെയുള്ള സന്നദ്ധ സംഘടനകളുടെ പിന്തുണയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് വലിയ തണലാകുന്നതെന്നും ചടങ്ങിൽ സംസാരിച്ച എം.ഇ.എസ് വനിതാ വിങ് കോർഡിനേറ്ററും ഷെൽട്ടർ ഹോം രക്ഷാധികാരിയുമായ മുൻ മുനിസിപ്പൽ കൗൺസിലർ റൈഹാനത്ത് അഭിപ്രായപ്പെട്ടു. ലയൺസ് ക്ലബ്ബിന്റെ ഇത്തരം ജീവകാരുണ്യ ഇടപെടലുകൾ ഏറെ പ്രശംസനീയമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഷെൽട്ടർ ഹോമിൽ നടന്ന ലളിതമായ ചടങ്ങിൽ തിരൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ദിലീപ് അമ്പായത്തിൽ അന്തേവാസികൾക്കുള്ള ഓണക്കോടികൾ കൈമാറി. ലയൺസ് ജില്ലാ വൈസ് ഗവർണർ കെ പി എ റഹ്മാൻ, സർവീസ് കോർഡിനേറ്റർ ശുഭ ദിവാകരൻ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
ബഷീർ മുല്ലശ്ശേരി (ലയൺസ് ക്ലബ്ബ് സെക്രട്ടറി) ലയൺസ് ക്ലബ്ബ് അംഗങ്ങളായ ഹസ്സൻ കെ.പി, ഹസൈനാർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് ശേഷം അന്തേവാസികൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ