തിരൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എം.എൽ.എ ഉൾപ്പെടെയുള്ളവർ കമന്റ് ചെയ്തതിനെ തുടർന്ന് ശ്രദ്ധേയമായ 'കുട്ടിസഖാവ്' ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടി. തിരൂർ മുറിവഴിക്കൽ സ്വദേശി സൈനുൽ ആബിദിന്റെ മകനും മൂന്നാം ക്ലാസ് വിദ്യാർഥിയുമായ സൈൻ സമാന്റെ അക്കൗണ്ടാണ് അപ്രത്യക്ഷമായത്.
ബാലസംഘം യൂണിറ്റിനെയും അതിലെ ഭാരവാഹികളെയും പരിചയപ്പെടുത്തിക്കൊണ്ട് സൈൻ സമാൻ അവസാനമായി പങ്കുവെച്ച വീഡിയോ രണ്ട് ദിവസത്തിനകം ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഈ വീഡിയോക്ക് പിണറായി വിജയനടക്കം നൽകിയ കമന്റുകൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്കൗണ്ട് മെറ്റ നീക്കം ചെയ്തത്.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പ്രഖ്യാപിക്കുകയും, തോൽവിക്ക് പിന്നാലെ വാക്കുപാലിച്ച് മൊട്ടയടിച്ച് വീഡിയോ ഇടുകയും ചെയ്തതോടെയാണ് സൈൻ സമാൻ സോഷ്യൽ മീഡിയയിൽ തരംഗമായത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കുടുംബവിശേഷങ്ങളുമായിരുന്നു അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നത്.
ആരെയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള ഉള്ളടക്കങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ലെന്നും മെറ്റയുടെ നിബന്ധനകൾ പൂർണ്ണമായും പാലിച്ചാണ് അക്കൗണ്ട് പ്രവർത്തിച്ചിരുന്നതെന്നും പിതാവ് സൈനുൽ ആബിദ് പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഉള്ള അക്കൗണ്ട് മുതിർന്നവരാണ് കൈകാര്യം ചെയ്യുന്നതെന്ന് ബയോയിൽ വ്യക്തമാക്കിയിരുന്നു. അക്കൗണ്ട് തിരികെ ലഭിക്കുന്നതിനായി മെറ്റക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ