ഭാര്യയെ കൊന്ന് ചാക്കിൽ കെട്ടി പുഴയിൽ തള്ളി: ഭർത്താവ് പിടിയിൽ


തിരൂർ:
ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി ചാക്കിലാക്കി പുഴയിലെ വള്ളത്തിൽ തള്ളിയ സംഭവത്തിൽ ഭർത്താവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേക്കര സ്വദേശി അണ്ടിപ്പാട്ട് ഹൗസിൽ ഇസ്മായിലിന്റെ മകൻ ഉസൈൻ (40) ആണ് പിടിയിലായത്.

തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാണാതായ പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പടിഞ്ഞാറേക്കര പുഴയിൽ നിർത്തിയിട്ടിരുന്ന വള്ളത്തിലാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ നാട്ടുകാർ കണ്ടത്.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച നടന്ന പോസ്റ്റ്‌മോർട്ടത്തിൽ, കഴുത്തിൽ ഷാൾ മുറുക്കിയതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെ സംഭവത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ശനിയാഴ്ച രാവിലെ 11 മണിയോടെ പ്രതി പരപ്പനങ്ങാടി–തിരൂർ ബസിൽ യാത്ര ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് തിരൂർ ടൗണിൽ വെച്ച് പോലീസ് സംഘം ബസ് തടഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.

facebook

വളരെ പുതിയ വളരെ പഴയ