- ആർ.പി.എഫ് ഉദ്യോഗസ്ഥന് ആക്രമണത്തിൽ പരിക്ക്
തിരൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറിപ്പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശിയെ ആർ.പി.എഫും തിരൂർ പോലീസും ചേർന്ന് പിടികൂടി. അസം ദിബ്രൂഗഡ് ബർബൊറോണ സ്വദേശി പങ്കജ് ദോളായി (23, സി/ഓ ജോയ്സ്ത്മ ദോളായി) ആണ് അറസ്റ്റിലായത്. പിടികൂടുന്നതിനും ചോദ്യം ചെയ്യുന്നതിനുമിടെ പ്രതി നടത്തിയ ആക്രമണത്തിൽ ആർ.പി.എഫ് എ.എസ്.ഐ ശശിക്ക് പരിക്കേറ്റു.
ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ട്രെയിനിൽ യാത്രക്കാരിയായ സ്ത്രീയെ ഒരാൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് ആർ.പി.എഫ് ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ശശി ട്രെയിനിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ഔട്ട്പോസ്റ്റിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പുറത്തുപോയ സമയം നോക്കി പ്രതി എ.എസ്.ഐയെ തടഞ്ഞു വെച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് ലാത്തി ഉപയോഗിച്ച് തലയ്ക്കടിക്കുകയും കൈയിൽ കടിച്ച് പരിക്കേൽപ്പിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു.
ഉടൻ തന്നെ തിരൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസെത്തി പ്രതിയെ പൂർണ്ണമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ എ.എസ്.ഐ ശശി തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്ക് മുഴയും കൈയ്ക്കും വയറിനും കടിയേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പീഡനശ്രമത്തിനും ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ