എം.ഇ.എസ് ഡയമണ്ട് ജൂബിലി സമാപന പരിപാടികൾ ഓഗസ്റ്റ് 19 മുതൽ


മലപ്പുറം:
മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ  ഡയമണ്ട് ജൂബിലി സമാപന പരിപാടികൾ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് കാമ്പസിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓണാഘോഷം, ഏകദിന സെമിനാറുകൾ, എഡ്യൂക്കേഷൻ കോൺക്ലേവ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.

ആഘോഷങ്ങളുടെ ആദ്യദിനമായ ഓഗസ്റ്റ് 19-ന് രാവിലെ 10.30-ന് 'എം.ഇ.എസ് പൊന്നോണം' എന്ന പേരിൽ ഓണാഘോഷ പരിപാടികൾ നടക്കും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ, പി. സുരേന്ദ്രൻ, ഐ.പി. അബ്ദുസ്സലാം, സി.പി. രാമകൃഷ്ണൻ, അജിത് കോലാഡി, സി. ഹരിദാസ്, ഡോ. ഹമീദ് ഫസൽ തുടങ്ങി സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കാളികളാകും. അന്നേദിവസം കാമ്പസിലുള്ള 3,000 പേർക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

രണ്ടാം ദിവസമായ ഓഗസ്റ്റ് 20-ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. എം.ഇ.എസ് എൻജിനീയറിങ് കോളജ് കുറ്റിപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ 'നെക്സ്റ്റ് ജനറേഷൻ എൻജിനീയറിങ് ആൻഡ് സ്മാർട്ട് ടെക്നോളജീസ്' എന്ന വിഷയത്തിലും, മെഡിക്കൽ കോളജ് ജീവനക്കാർക്കായി 'റീ-ഇമേജിനിങ് ഹെൽത്ത്‌കെയർ' എന്ന വിഷയത്തിലുമാണ് സെമിനാറുകൾ നടക്കുന്നത്. ഡോ. സന്തോഷ് കുമാർ മോഹൻ, ഡോ. ഗോപകുമാർ ജി, എം.എസ്. വിമലാ സി, അമീർ അലി, ഡോ. എസ്. കുമാരവേൽ, എർ. മുഹമ്മദ് യാസിർ, ഡോ. പി. മുഹമ്മദ് ഷാഫി തുടങ്ങി പ്രമുഖ വിദഗ്ദ്ധർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

ഓഗസ്റ്റ് 21-ന് രാവിലെ 10.30-ന് മൂവായിരത്തോളം അധ്യാപകർ പങ്കെടുക്കുന്ന എഡ്യൂക്കേഷൻ കോൺക്ലേവുകളും നവോത്ഥാന സെമിനാറും നടക്കും. എം.ഇ.എസ് എയ്ഡഡ് സ്‌കൂളുകളിലെ സ്റ്റാഫുകൾക്കായി മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കോൺക്ലേവ് അഡ്വ. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യും. വി.ടി. ബൽറാം മുഖ്യാതിഥിയാകും. എം.ഇ.എസ് ഗ്രീൻസിൽ നടക്കുന്ന സി.ബി.എസ്.ഇ സ്‌കൂൾ അധ്യാപകരുടെ കോൺക്ലേവ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ജഗദീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. സ്വാശ്രയ, എയ്ഡഡ് കോളേജുകൾക്കായി ന്യൂ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന നവോത്ഥാന സെമിനാർ മുൻ എം.പി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. സെമിനാറിൽ ജനറൽ നവോത്ഥാനം, മുസ്ലിം നവോത്ഥാനം, ഈഴവ നവോത്ഥാനം, ദലിത് നവോത്ഥാനം, കമ്മ്യൂണിസം എന്നീ വിഷയങ്ങളിൽ എം.എൻ. കാരശ്ശേരി, അഡ്വ. സി.കെ. വിദ്യാസാഗർ, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, സണ്ണി എം. കപിക്കാട്, കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എ. ബേബി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളിധരൻ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, ഷാനിമോൾ ഉസ്മാൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞിമൊയ്തീൻ, ട്രഷറർ ഒ.സി. സലാഹുദ്ദീൻ, വൈസ് പ്രസിഡന്റ് കെ. ഷാഫി ഹാജി, സെക്രട്ടറി ഡോ. റഹിം ഹസൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. ഹുസൈൻ കോയ തങ്ങൾ എന്നിവർ പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ