ജാതി അധിക്ഷേപ ആരോപണം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അന്വേഷണം നടത്താന്‍ തീരുമാനം


തിരൂർ: മലയാളം സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി അനഘ ഉന്നയിച്ച പരാതികളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര അന്വേഷണം നടത്താൻ തീരുമാനം. സർവകലാശാലാ അധികൃതരും എം എൽ എമാരായ കുറുക്കോളി മൊയ്തീൻ, പി കെ നവാസ് എന്നിവരും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്നലെ രാത്രി തിരൂർ സർക്കാർ വിശ്രമ കേന്ദ്രത്തിൽ വെച്ചാണ് ചർച്ച നടത്തിയത്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.വിദ്യാർഥിനിയുടെ പഠനവും ഗവേഷണവും തടസ്സപ്പെടാത്ത സാഹചര്യം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർവകലാശാലയുടെ ഭാഗത്തുനിന്ന് സ്വീകരിക്കും. ഗവേഷണവുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികൾ ഉണ്ടായതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവ പരിഹരിച്ച് തുടർപഠനം പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. അനഘ ഉന്നയിച്ച എല്ലാ പരാതികളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ജാതീയ അധിക്ഷേപം, മർദനം, പഠനത്തിനുണ്ടായ തടസ്സങ്ങൾ തുടങ്ങിയ ആരോപണങ്ങൾ ഉൾപ്പെടെ പരിശോധിക്കും. അന്വേഷണം സർവകലാശാലയ്ക്ക് പുറത്തുനിന്നായിരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അന്വേഷണ സംഘത്തെ സംബന്ധിച്ച തീരുമാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. അതേസമയം, നേരത്തെ സർവകലാശാലയിലെ എസ് സി, എസ് ടി സെൽ നടത്തിയ അന്വേഷണത്തിന്റെ ഇടക്കാല, അന്തിമ റിപ്പോർട്ടുകളിൽ ആരോപിച്ച തരത്തിലുള്ള അതിക്രമം നടന്നതായി തെളിയിക്കാനായിട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്ന് വൈസ് ചാൻസലർ ഉൾപ്പെടെയുള്ള അധികൃതർ പറഞ്ഞു. ആന്റി റാഗിംഗ് സെല്ലും പരാതി പരിശോധിച്ചിരുന്നെന്നും ആരോപണങ്ങൾ റാഗിംഗിന്റെ പരിധിയിൽ വരുന്നതല്ലെന്നും തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളതെന്നും അവർ വ്യക്തമാക്കി.പൊലീസുമായി ബന്ധപ്പെട്ട് എഫ് ഐ ആർ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, അതുമായി ബന്ധപ്പെട്ട അന്വേഷണം സർവകലാശാലയിൽ ഇതുവരെ എത്തിയിട്ടില്ലെന്നാണ് അധികൃതരുടെ മറുപടി. ചർച്ചയുടെ തീരുമാനവുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയുമായും മറ്റു വിദ്യാർഥികളുമായും സംസാരിക്കുമെന്നും അധികൃതർ അറിയിച്ചു. സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ വിഷയം വേഗത്തിൽ പരിഹരിക്കണമെന്ന നിലപാടിലാണ് സർവകലാശാല. മലയാളം സർവകലാശാലയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് പഠനവും ഗവേഷണവും തടസ്സമില്ലാതെ പൂർത്തിയാക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.ചർച്ചയിൽ മലയാളം സർവകലാശാല വി സി ഡോ.സി ആർ പ്രസാദ്, രജിസ്ടർ ഡോ.കെ എം ഭരതൻ, സർവകലാശാല ആൻ്റി റാഗിംഗ് സെൽ കൺവീനർ ഡോ.എം ജി മല്ലിക, അംഗങ്ങളായ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷബ്ന , അഡ്വ.പി എം സബീന, ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ