തിരൂർ: മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിക്ക് നേരിടേണ്ടിവന്ന ജാതി അധിക്ഷേപത്തിലും റാഗിംഗിലും നടപടി വേണമെന്നാവശ്യപ്പെട്ട് യുഡിഎസ്എഫും വിവിധ സംഘടനകളും അനിശ്ചിതകാല സമരം ആരംഭിച്ചു. അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട്, എയ്സ്, വനജ കളക്ടീവ് എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് സമരം.
ഗവേഷക വിദ്യാർഥിയും എറണാകുളം കുന്നത്തുനാട് സ്വദേശിയുമായ അനഘ ശശിയാണ് പരാതിക്കാരി. സ്കൂൾ ഡയറക്ടറായിരുന്ന ഡോ. വി അരുൺ ബാബു, അധ്യാപിക ഡോ.ജെയ്നി വർഗീസ് എന്നിവർക്കെതിരെ ജാതി അധിക്ഷേപത്തിനും ഹോസ്റ്റലിൽ റാഗിംഗ് നടത്തിയ വിദ്യാർഥിനിക്കെതിരെയും വിദ്യാർഥിനി പരാതി നൽകിയിരുന്നു. എന്നാൽ സർവകലാശാല കൃത്യമായ അന്വേഷണമോ നടപടിയോ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
ആരോപണവിധേയനായ അധ്യാപകൻ സി പി എം അനുകൂല സംഘടനയായ 'മാസി'ലെ അംഗവും റാഗിംഗ് നടത്തിയ വിദ്യാർഥിനി എസ്എഫ്ഐ നേതാവുമാണെന്ന് യുഡിഎസ്എഫ് ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇവർക്ക് സംരക്ഷണം ഒരുക്കുന്ന നിലപാടാണ് സർവകലാശാല കൈക്കൊള്ളുന്നതെന്നും നേതാക്കളായ സി പി ഷെരീഫ് അസ്‌ലം, ഇർഷാദ് കുറുക്കോൾ, മുഫീദ് ഉണ്ണ്യാൽ, എ പി നഫ്ല ഷെറി, കെ ആർ ആർ വിഷ്ണു പങ്കജ് എന്നിവർ ആരോപിച്ചു.
കുറ്റക്കാരായ അധ്യാപകനെയും വിദ്യാർഥിനിയെയും സസ്പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ നവാസ് ഉൾപ്പെടെയുള്ളവർ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ദളിത്-ബഹുജൻ സംഘടനകൾ സമരത്തിൽ പങ്കുചേരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് എം എല്‍ എമാരായ കുറുക്കോളി മൊയ്തീൻ, പി കെ നവാസ് എന്നിവരുടെ നേതൃത്വത്തിൽ തിരൂര്‍ പൊതുമരാമത്ത് അതിഥി മന്ദിരത്തില്‍ യോഗം ചേര്‍ന്നു. സർവകലാശാല വി സി ഡോ.സി ആർ പ്രസാദ്, രജിസ്ട്രാർ ഡോ.കെ എം ഭരതൻ, ആന്റി റാഗിംഗ് സെൽ അംഗം ഡോ.കെ എം മല്ലിക, ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, അഡ്വ.പി എം സബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുളങ്ങര വീട്ടിൽ ഷബ്ന എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ