തിരൂര്‍: ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ പൊന്മുണ്ടം പഞ്ചായത്ത് എഫ് എച്ച് സി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പൊന്മുണ്ടം പഞ്ചായത്തിലെ ഹെൽത്ത് സെൻ്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് ഭരണസമിതി ഔദ്യോഗികമായി തീരുമാനമെടുക്കുകയും സ്ഥലം എം എൽ എയുടെ നിർദേശപ്രകാരം 11-11-2025 ന് ഉദ്ഘാടനം നടത്താൻ തീയതി നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പഞ്ചായത്ത് ഭരണസമിതി കത്ത് നൽകുകയും ചെയ്തു.
എന്നാൽ ഡി എം ഒ പഞ്ചായത്ത് ഭരണസമിതിക്ക് നൽകിയ മറുപടിയിൽ, നിലവിലെ കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാലും അവിടെ എഫ് എച്ച് എസ് സി പ്രവർത്തനം ആരംഭിക്കാൻ കഴിയില്ലെന്ന കാരണത്താലും ഉദ്ഘാടനം മാറ്റിവെയ്ക്കണമെന്ന് അറിയിക്കുകയായിരുന്നു. മന്ത്രി വി അബ്ദുര്‍റഹ്മാന്‍റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡി എം ഒ ഈ കത്ത് അയച്ചതെന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട വിഷയമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
അതേസമയം, ഇപ്പോൾ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്ന കെട്ടിടത്തിലും എഫ് എച്ച് സി പ്രവർത്തിക്കാൻ ആവശ്യമായ ലിഫ്റ്റ് സംവിധാനമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇപ്പോഴും ഒരുക്കിയിട്ടില്ല. എന്നിട്ടും ഉദ്ഘാടനം നടത്തുന്നത്, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള നാടകമാണ്.
കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ടും കേന്ദ്ര സർക്കാരിന്റെ എൻ എച്ച് എം ഫണ്ടും ഉപയോഗിച്ചാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. അതിനാൽ ജനങ്ങളുടെ നികുതി പണത്തിൽ പണിത ഒരു പൊതു ആരോഗ്യ സ്ഥാപനം, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ രാഷ്ട്രീയ പ്രദർശനത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് വെറും കെട്ടിടമായി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്ഥലം എം പിയെ പോലും ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. ജനങ്ങൾക്ക് പൂർണമായും പ്രയോജനപ്പെടുന്ന രീതിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷം മാത്രമേ ഹെൽത്ത് സെൻ്റർ പ്രവർത്തനം ആരംഭിക്കാവൂ. എന്ന് മുസ്‍ലിം യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ താനൂർ മണ്ഡലം മുസ്‌ലിം യുത്ത് ലീഗ് ട്രഷറർ ടി നിയാസ്, പൊൻമുണ്ടം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ് എ സി യാഫിക്ക്
ജനറൽ സെക്രട്ടറി യൂനുസ് നൊട്ടപ്പുറം ട്രഷറര്‍ തശ്‍രീഫ് എം പി,
വൈസ് പ്രസിഡന്‍റുമാരായ സി കെ റമീസ്, ഫാറൂഖ് മണ്ണിങ്ങൽ, ജോയിൻ സെക്രട്ടറി മുഷ്‌രിഫ് ചാത്തേരി എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ