തിരൂര്‍: കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ചികിത്സ തേടുന്ന തിരൂർ ജില്ല ആശുപത്രിയിൽ പര്യാപ്തമായ ഡോക്ടർ തസ്തികകൾ ഇല്ലാത്തത് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ആശുപത്രിയിൽ ആവശ്യമായ ഡോക്ടർ തസ്തികൾ സൃഷ്ടിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം എൽ എ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ക്യാൻസർ ചികിത്സയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഉള്ള ആശുപത്രിയാണ് ജില്ലാ ആശുപത്രി. ഇവിടെ ചികിത്സയ്ക്ക് എത്തുന്ന ജനങ്ങൾക്ക് ആനുപാതികമായ ഡോക്ടർമാരും അനുബന്ധ ജീവനക്കാരും നിയമിക്കപ്പെട്ടിട്ടില്ല. നിരവധി തവണ നിയമസഭയിലും നിവേദനങ്ങളിലൂടെയും ഈ വിഷയം അവതരിപ്പിക്കപ്പെട്ടുവെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ജൂനിയർ കൺസൾട്ടന്റ് അനസ്തേഷ്യ തസ്തികകൾ, രണ്ട് കൺസൾട്ടന്റ് മെഡിക്കൽ ഫിസിഷ്യൻ തസ്തികകൾ, ഒരു റേഡിയേഷൻ ഓങ്കോളജി കൺസൾട്ടന്റ്, രണ്ട് ജൂനിയർ റേഡിയേഷൻ ഓങ്കോളജി കൺസൾട്ടൻ്റ്, മൂന്ന് ഓങ്കോളജി സർജറി കൺസൾട്ടന്റ്, ഒരു ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റ്, ഒരു പാത്തോളജി കൺസൾട്ടന്റ്, നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തുടങ്ങിയ തസ്തികകൾ തിരൂർ ജില്ലാ ആശുപത്രിയിൽ സൃഷ്ടിച്ച് ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തുന്നതിന് ഇടപെടൽ ഉണ്ടാകണമെന്ന് എം എൽ എ പറഞ്ഞു.
സംസ്ഥാനത്ത് 202 ഡോക്ടർ തസ്തികകൾ സൃഷ്ടിച്ചപ്പോൾ നാല് തസ്തികകൾ മാത്രമാണ് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതും ഡോക്ടർമാരുടെ ക്ഷാമം ഏറ്റവും നേരിടുന്നതുമായ മലപ്പുറം ജില്ലയ്ക്ക് നൽകിയതെന്നും ആയതിനാൽ തിരൂർ ജില്ലാ ആശുപത്രിക്ക് തസ്തികകൾ അനുവദിക്കുന്നതിനോടൊപ്പം ആനുപാതികമായി മലപ്പുറം ജില്ലയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യവും എം എൽ എ ഉന്നയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ