പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിൽ എം ഡി എം എ ഒളിപ്പിച്ച യുവാവ് പിടിയിൽ


തിരൂർ: പ്രതിശ്രുത വധുവിന്റെ വീട്ടിലെ ശുചിമുറിയിൽ എം ഡി എം എ ഒളിപ്പിച്ച യുവാവ് പിടിയിൽ. തവനൂർ പുത്തൻപുരയിൽ വീട്ടിൽ ഷിബാനാ(26)ണ് തിരൂർ പോലീസിന്റെ പിടിയിലായത്. തിരൂർ പൊറ്റിലത്തറയിൽ റോഡരികിൽ കാറിലിരിക്കുകയായിരുന്ന യുവാവ് പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. 

യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്ന് എം ഡി എം എയും തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ തുലാസും കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഭാര്യവീട്ടിലെ ശുചിമുറിയിൽ എം ഡി എം എ ഒളിപ്പിച്ച കാര്യം പ്രതി വെളിപ്പെടുത്തിയത്. 



തുടർന്ന് പോലീസ് തിരുന്നാവായയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുകൾ നിലയിലെ ബെഡ് റൂമിനോട് ചേർന്നുള്ള ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ 1.55 ഗ്രാം എം ഡി എം എ കണ്ടെത്തുകയായിരുന്നു. പ്രതി സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്ത് വരികയാണ്. എസ് ഐ വിശാൽ കെ വിശ്വൻ, സീനിയർ സി പി ഒമാരായ രാജേഷ്, സി അരുൺ, സി പി ഒമാരായ ഉണ്ണിക്കുട്ടൻ, വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


facebook

വളരെ പുതിയ വളരെ പഴയ