ന്യൂഡൽഹി: കൊച്ചുകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ക്ലോർഫെനിറാമിൻ മാലിയേറ്റ്, ഫെനൈൽഫ്രൈൻ ഹൈഡ്രോക്ലോറൈഡ് എന്നീ ഘടകങ്ങൾ ചേർന്ന ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ വിതരണത്തിലും നിർമ്മാണത്തിലും കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തി. സാധാരണയായി ജലദോഷം, പനി, അലർജി, ചുമ എന്നിവയ്‌ക്ക് നൽകിവരുന്ന സിറപ്പുകളിലും തുള്ളിമരുന്നുകളിലുമാണ് ഈ ചേരുവകൾ പ്രധാനമായും കണ്ടുവരുന്നത്.
നാല് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഈ മരുന്നുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെയും (DTAB) വിദഗ്ധ സമിതിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കൊച്ചുകുട്ടികൾക്ക് ഉപയോഗിക്കാൻ ഇതിലും സുരക്ഷിതമായ ബദൽ മരുന്നുകൾ ലഭ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
"ഈ മരുന്ന് 4 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകാൻ പാടില്ല" എന്ന വാചകം മരുന്നിന്റെ പാക്കറ്റിലും ലേബലിലും പരസ്യങ്ങളിലുമെല്ലാം വ്യക്തമായി അച്ചടിച്ചിരിക്കണമെന്ന് നിർമ്മാതാക്കൾക്ക് കേന്ദ്രം കർശന നിർദേശം നൽകി. 2025 ഏപ്രിലിൽ ചില പ്രത്യേക കോമ്പിനേഷനുകൾക്ക് ഇത്തരം മുന്നറിയിപ്പ് നൽകാൻ ഉത്തരവിട്ടിരുന്നെങ്കിലും, പുതിയ വിജ്ഞാപനത്തോടെ ഈ രണ്ട് ഘടകങ്ങളുമടങ്ങിയ മുഴുവൻ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്കും നിയന്ത്രണം ബാധകമായിട്ടുണ്ട്.
പൊതുജനാരോഗ്യം മുൻനിർത്തി 1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ സെക്ഷൻ 26A പ്രകാരം പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ കുട്ടികൾക്ക് ഇത്തരം കോമ്പിനേഷൻ മരുന്നുകൾ വാങ്ങി നൽകരുതെന്ന് ആരോഗ്യവിദഗ്ധരും നിർദേശിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ