പരിമിതികളെ കീഴടക്കി അദ്വിക; ലോക റെക്കോർഡിന്റെ തിളക്കത്തിൽ ആറാം ക്ലാസുകാരിയുടെ ഓണാഘോഷം


ചമ്രവട്ടം:
ഡൗൺ സിൻഡ്രോം എന്ന ശാരീരിക വെല്ലുവിളിയെ പ്രതിഭയും ആത്മവിശ്വാസവും കൊണ്ട് കീഴടക്കി ഏവരുടെയും പ്രിയങ്കരിയായ അദ്വികയുടെ ഓണാഘോഷം നാടിനാകെ മാതൃകയാകുന്നു. ദേശീയ ഗാനം ഒരു മിനിറ്റ് 25 സെക്കൻഡ് കൊണ്ട് ലൈവായി കീബോർഡിൽ വായിച്ച് നാല് ലോക റെക്കോർഡുകളും ഒരു ഇന്ത്യൻ റെക്കോർഡും സ്വന്തമാക്കിയ ഈ 11 വയസ്സുകാരി, അത്തം നാൾ മുതൽ തന്നെ പൂക്കളമൊരുക്കിയാണ് ഇത്തവണ ഓണത്തെ വരവേറ്റത്.

ചമ്രവട്ടം ജി.യു.പി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനിയായ അദ്വികയ്ക്ക് സ്കൂളിലെ അധ്യാപകരും കൂട്ടുകാരും നൽകുന്ന വലിയ പിന്തുണയാണ് കരുത്താകുന്നത്. ഭിന്നശേഷിക്കാരിയെന്ന വേർതിരിവുകളില്ലാതെ സ്കൂളിലെ എല്ലാ ആഘോഷങ്ങളിലും കായിക മത്സരങ്ങളിലും അദ്വികയെ മുന്നിൽ നിർത്തി ചേർത്തുപിടിക്കാൻ സ്കൂളധികൃതർ ശ്രദ്ധിക്കുന്നു. ഇത്തവണ സ്കൂളിൽ നടന്ന വടംവലി മത്സരം കണ്ട് ആവേശത്തിലായ താരം വീട്ടിലെത്തി അനിയനെയും അച്ഛമ്മയെയും കൂട്ടി വടംവലി നടത്തിയാണ് ആ സന്തോഷം പങ്കുവെച്ചത്.

ബഹുമുഖ പ്രതിഭയായ അദ്വിക കീബോർഡ് വായനയ്ക്ക് പുറമെ നൃത്തം, നീന്തൽ, പെയിന്റിംഗ് എന്നിവയും പരിശീലിക്കുന്നുണ്ട്. കരാട്ടെയിൽ യെല്ലോ ബെൽറ്റ് സ്വന്തമാക്കിയ അദ്വിക കഴിഞ്ഞ വർഷത്തെ ഓണത്തിന് ചേച്ചിയുടെ ആൽബത്തിലും അഭിനയിച്ചിരുന്നു. തിരുവോണ നാളിൽ പുലർച്ചെ ഉണർന്ന് പട്ടുപാവാടയണിഞ്ഞ് കുടുംബത്തോടൊപ്പം അമ്പല ദർശനം നടത്തുകയും വീട്ടിൽ തൃക്കാക്കരയപ്പനെ പൂജിക്കാൻ അച്ഛനൊപ്പം പങ്കാളിയാവുകയും ചെയ്തു.

ചമ്രവട്ടം തുപ്രങ്ങോട് പാണാട്ട് കുടുംബാംഗവും സുജിത്ത് ശങ്കറിന്റെയും രേഖ പി.സി യുടെയും മൂത്ത മകളാണ് അദ്വിക. ഒരു അനിയനുമുണ്ട്. 2025-ലെ സാമൂഹിക ക്ഷേമ വകുപ്പ് അവാർഡ് ജേതാവും എടപ്പാൾ സ്വദേശിയുമായ നിർഷാദ് നിനിയാണ് മ്യൂസിക് തെറാപ്പിയും കീബോർഡും പരിശീലിപ്പിക്കുന്നത്. കലാമണ്ഡലം ഡോ. സൗമ്യ സുഭാഷ് (നൃത്തം), സിന്ധു മാത്തൂർ (ചിത്രരചന), റഹ്മാൻ മാസ്റ്റർ (കരാട്ടെ), അഞ്ജന ടീച്ചർ (സ്പെഷ്യൽ എഡ്യൂക്കേഷൻ) എന്നിവരും അദ്വികയുടെ പരിശീലകരാണ്.

ഓണത്തിന്റെ പൗരാണിക ഐതിഹ്യങ്ങളെക്കുറിച്ച് വലിയ അറിവുകളില്ലെങ്കിലും, പുത്തൻ കോടിയുടുപ്പുകളും പൂവട്ടിയുമായി പൂവ് പറിക്കാൻ പോകുന്ന നിമിഷങ്ങളും തനിക്ക് ചുറ്റുമുള്ളവരുടെ സ്നേഹവുമാണ് ഈ കൊച്ചുമിടുക്കിയുടെ മുഖത്ത് എന്നും ചിരി വിടർത്തുന്നത്.

facebook

വളരെ പുതിയ വളരെ പഴയ