അരലക്ഷത്തിന്റെ കരുതലോടെ ഫാത്തിമ മാതാ സ്കൂൾ വിദ്യാർത്ഥികൾ


തിരൂർ:
വിദ്യാർത്ഥികളുടെ ചാരിറ്റി ഫണ്ടിലൂടെ നിർധനർക്ക് ആശ്വാസമേകി ഫാത്തിമ മാതാ സ്കൂൾ മാതൃകയാകുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന തുക സമാഹരിച്ച് നടപ്പിലാക്കുന്ന 'എന്റെ നാടിന് ഒരു സ്നേഹസമ്മാനം' പദ്ധതിയിലൂടെ ഇത്തവണ അരലക്ഷം രൂപ ധനസഹായം നൽകി.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന സ്കൂളിലെ മുൻ അധ്യാപകൻ കുമാരൻ സാറിനാണ് ഈ തുക കൈമാറിയത്. സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളും ഭാരവാഹികളും ചേർന്ന് സഹായധനം കൈമാറി. സമൂഹത്തോടുള്ള പ്രതിബദ്ധതയും സ്കൂളിനോടുള്ള രക്ഷിതാക്കളുടെ സഹകരണവുമാണ് ഈ പദ്ധതിയുടെ വിജയത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.

ചടങ്ങിൽ പിടിഎ പ്രസിഡന്റ് ജീന ഭാസ്കർ, വൈസ് പ്രസിഡന്റ് രതീഷ് കൃഷ്ണ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ